കലാവേദി വിശേഷങ്ങള്‍
കലാവേദി ടെലിവിഷന് തുടക്കമായി
അനില്‍ പെണ്ണുക്കര
2018-10-01 11:31:03am


ആധുനിക കാലത്തിന്റെ സാങ്കേതിക വിദ്യകള്‍ തിരിച്ചറിഞ്ഞാണ് ഓരോ മാധ്യമങ്ങളുടെയും മുന്‍പോട്ടുള്ള യാത്ര. 2004 മുതല്‍ ന്യൂ യോര്‍ക്ക് ആസ്ഥാനമായി കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന സംഘടനയായകലാവേദിയുടെ വെബ് പോര്‍ട്ടല്‍ ഒരു പുതിയ സംരംഭത്തിന് കൂടി തുടക്കമിട്ടു- കലാവേദി ടി വി ഡോട്ട് കോം

ടോക് ഷോ, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, സിനിമാ ഗാനങ്ങള്‍കോര്‍ത്തിണക്കിയ പരിപാടി തുടങ്ങിയവ ആഴ്ചതോറും കലാവേദി ടി വി ഡോട്ട് കോം സംപ്രേക്ഷണം ചെയ്യും. കൂടാതെ അമേരിക്കന്‍ മലയാളി കലാകാരന്മാരെയും സാംസ്‌കാരിക പ്രതിഭകളെയും വിവിധ എപ്പിസോഡുകളില്‍ അവതരിപ്പിക്കും. സമകാലിക സംഭവങ്ങള്‍ വിലയിരുത്തി നടത്തുന്ന വാര്‍ത്താധിഷ്ഠിത പരിപാടികളും ക്രമേണ കലാവേദിയില്‍ കാണാം.

കലാവേദി ടി വി ഡോട്ട് കോമിന്റെ ഔപചാരികമായ ഉത്ഘാടനംസെപ്റ്റംബര്‍ പതിനഞ്ചിനു പദ്മശ്രീ പി. സോമസുന്ദരന്‍ നിര്‍വഹിച്ചു. ന്യൂയോര്‍ക്കിലെ സാംസ്‌കാരിക, സാമൂഹ്യ മേഖലകളിലെ ക്ഷണിക്കപ്പെട്ട അതിഥികളും കലാവേദി പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ജിതേഷ്സുന്ദരം അവതരിപ്പിച്ച ഗസല്‍ ചടങ്ങിന് മാറ്റ് കൂട്ടി .

2004 മുതല്‍ ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാവേദി ഇന്റര്‍നാഷണല്‍ കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. മാധ്യമ പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിബി ഡേവിഡിന്റെ നേതൃത്വത്തിലാണ് കലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ന്യൂ യോര്‍ക്കില്‍കലാവേദി പല സമയങ്ങളിലായി നടത്തിയിട്ടുള്ള കലാപരിപാടികള്‍, കലാവേദി കുടുംബങ്ങളുടെ ഒത്തുചേരല്‍ എന്നിവയില്‍ നിന്നും സമാഹരിക്കുന്ന പണം കൊണ്ടാണ് ജീവകാരുണ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

2006 ല്‍ കലാവേദി ആരംഭിച്ച 'ആര്‍ട് ഫോര്‍ ലൈഫ്' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ്ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. 2006 മുതല്‍ 2011 വരെ ഇടുക്കിയിലെ പട്ടം കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 150 ലധികം കുട്ടികള്‍ക്കായുള്ള ധനസഹായം, പുസ്തകവിതരണം, ബോധവല്‍ക്കരണസെമിനാറുകള്‍ ,തിരുവല്ലയിലെ വൈ എം സി എയുടെ കീഴിലുള്ള പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള വികാസ്ഭവന്‍ സ്‌കൂളിന് ധനസഹായം, തിരുവനന്തപുരം വെള്ളനാട് പ്രവര്‍ത്തിക്കുന്നമിത്രാനികേതന്‍ സ്‌കൂളിന് അതി വിശാലമായ പുസ്തക ശേഖരത്തോടു കൂടിയ ഒരു ലൈബ്രറി എന്നിവയെല്ലാം കലാവേദിയുടെ ചരിത്രത്തിലെ മുതല്‍ക്കൂട്ടുകളാണ് .

2015 മുതല്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ ഒരു'ജീവകാരുണ്യ' സ്ഥാപനമായിട്ടാണ് കലാവേദി പ്രവര്‍ത്തിക്കുന്നത്. ആ സാംസ്‌കാരിക സംഘത്തില്‍നിന്നും ഒരു വെബ് ചാനല്‍ കൂടി ലോക മലയാളികള്‍ക്ക് മുന്‍പില്‍ വരികയാണ് .അതുകൊണ്ടുതന്നെ കലാസ്വാദകര്‍ രണ്ടുകയ്യും നീട്ടി കലാവേദി ടി വിയെ സ്വീകരിക്കും . 

Credits to http://www.emalayalee.com

കലാവേദി വിശേഷങ്ങള്‍